Tuesday, November 5, 2013

പ്രണയ ലേഖനം

പ്രിയപ്പെട്ടവളെ,
   ഇന്നലെ ട്രെയിനിൽ വെച്ച് വലതുവശം തളർന്നു പോയ ഒരറുപത് വയസ്സുകാരൻ എന്റെ ശ്രദ്ധയിൽപ്പെട്ടു. അയാൾക്ക് സ്നേഹത്തോടെ ചോറു വാരിക്കൊടുക്കുന്ന ഭാര്യ. പ്രണയത്തിന്റെ ഏറ്റവും തീവ്രത അവിടെ ഞാൻ കണ്ടു. ദാമ്പത്യത്തിന്റെ ഏറ്റവും നല്ല വശം.
അയാളുടെ തളർന്നു പൊയ വലതുവശത്തിനു അവർ ജീവിപ്പിക്കുന്നു.
ഞാൻ ഇതു പൊലെ തളർന്നു പോയാൽ നീയെനിക്ക് ചോറു വാരി തരില്ലേ? നിന്റെ കൈകൊണ്ട് ഒരുരുള ചോറെനിക്കും കഴിക്കണം.. ഞാനിതു പോലെ തളർന്നാൽ നീയെന്റെ വലതുവശമായി ഒട്ടിചേർന്ന് നിൽക്കണം. ഞാൻ നീയും നീ ഞാനുമായി മാറണം..രണ്ടല്ലാതെ നമ്മളൊറ്റയാകണം.. പ്രണയത്തിന്റെ ഒരു ഫ്രഞ്ച് വിപ്ലവം നമുക്കിവിടെ തീർക്കണം. വോൽട്ടയറിന്റെ വരികൾ ഞാൻ തിരുത്തുന്നു. "എന്റെ ഹൃദയത്തിന് ചുറ്റും ബലമായി വരിഞ്ഞു കെട്ടിയ നിന്റെ ചങ്ങലകളിലാണെന്റെ സ്വാതന്ത്ര്യം". ഞാനുറക്കെ ചൊല്ലാം.. എന്റെ കൈകൾ ചേർത്ത് പിടിച്ച് പ്രണയത്തിന്റെ പതാകയുമേന്തി നീയും കൂടെ പോരൂ..
പാറൂ,
ഇത് നിനക്കുള്ള എന്റെ ആദ്യ കത്ത് ഇവിടേ നിർത്തുന്നു. വായിചിട്ട് വട്ടായോ? ക്ഷമിക്കുക..

എന്ന്
വിനീഷ്.

Sunday, August 4, 2013

എന്റെ പിഴ...... എന്റെ വലിയ പിഴ

അഞ്ചാറുവർഷങ്ങൾക്കു മുൻപ് കണ്ണൂർ റയിൽവേ സ്റ്റേഷനിൽ വെച്ച് ടിക്കറ്റ് ചെക്കർ ടിക്കറ്റാവശ്യപ്പെട്ടു. കയ്യിലുണ്ടായ സീസൺ ടിക്കറ്റ് ഞാൻ കാണിച്ചു. ഇത്  INVALID TICKET ആണ്. ഫൈനടക്കണം.
" ഇല്ല മേഡം ഞാൻ കഴിഞ്ഞയാഴ്ച പുതുക്കിയതേയുള്ളു.. "
ഒരിരയേ കിട്ടിയ സന്തോഷത്തിൽ അവർ പറഞ്ഞു, ഇതിൽ സൈൻ ചെയ്തില്ല ഇത്രയും ദിവസം നിങ്ങൾ കള്ള ടിക്കറ്റിലാണ് യാത്ര ചെയ്തത് അതിന്റെ ഫൈനടക്കണം, 273 രൂപ. അവരുടെ സ്ക്വാഡിലെ മറ്റൊരാളടുത്തു വന്നു. അപ്പോളാസ്ത്രീ വന്നയാളൊട് പറഞ്ഞു ഇതെനിക്ക് കിട്ടിയതാ ഇതിൽ കൈകടത്തരുത്.. ഇരയ്ക്ക്വ്ണ്ടി അടിപിടികൂടുന്ന സിംഹങ്ങൾക്കിടയിൽപ്പെട്ട മുയൽക്കുട്ടിയേപോലെ ഞാനവിടെ നിന്ന് വിയർത്തു. അനധികൃത കച്ചവടക്കാരും ഭിക്ഷക്കാരും കയറി നിരങ്ങുന്ന ഈ സ്റ്റേഷനിൽ ടിക്കറ്റുണ്ടായിട്ടും ഫൈനട്ക്കെണ്ട ഗതികേടിൽ എന്നെ കൊണ്ട് പറ്റാവുന്ന രീതിയിൽ ഞാൻ വാദിച്ചു നോക്കി. ഫൈനടക്കാതെ വിടില്ലെന്നവർ..അവർക്ക് അവരുടെ ക്വാട്ട തികക്കണം..
ഒടുവിൽ ഞാൻ പറഞ്ഞു എന്റെ കയില്ലത്രയും കാശില്ല.. ഒടുവിൽ അവർ 100രൂപയടച്ചാൽ മതിയെന്നു പറഞ്ഞു. നിവൃത്തികേടുകൊണ്ട് ഞാൻ സമ്മതിച്ചു. ഫൈനടച്ച രസീത് കയ്യിൽ തന്നു. വായിച്ചപ്പോൾ ഒന്ന് ഞെട്ടി. പ്ലാറ്റ്ഫോമിൽ വച്ച് പരസ്യമായ് പുകവലിച്ചതിനു 100 രൂപ പിഴ ചുമ്മത്തിയിരിക്കുന്നു..
ഗുരുതരമായ് നിയമ ലംഘനം..
വിഷമം 100 രൂപ പോയതിലല്ല ചെയ്യാത്തൊരു തെറ്റിനു ശിക്ഷിക്കപ്പെട്ടതിൽ മാത്രം..

വാൽകഷണം- ചെയ്യാത്ത തെറ്റുക്കൾക്ക് ശിക്ഷിക്കപ്പെടാൻ ജീവിതവും യാത്രകളും എനിക്കിനിയുമെത്രയോ ബാക്കി.. സബരോം ക സിന്ദഗി ജോ കഭി കതം ഹൊ നഹി ജാത്ത ഹെ..

Tuesday, July 16, 2013

നഷ്ടപ്രണയം

നിലാവിന്റെ ചൂട്ട് കൂട്ടുമായി
ചുട്ടുപൊള്ളിച്ച
ഇരുൾവീണ തീരാവഴിയിലിറ്റുപോലും
വിശ്രമിക്കാതെ വേച്ച് വേച്ച് ഞാൻ ചെന്നു

പരീക്ഷയ്ക്ക് തോൽക്കുമ്മെന്നുറപ്പുണ്ടായിട്ടും
ഉറക്കമിളച്ച് പഠിച്ച കുട്ടിയെപ്പോലെ
തിരസ്ക്കരിക്കപ്പെടുമ്മെന്നുറപ്പുള്ള-
യെൻ പ്രണയവുമായ്
അവൾക്ക് മുന്നിൽ ഞാൻ നിന്നു.

നിന്നെക്കുറിച്ചോർക്കുമ്പോളീ-
വലിയ പ്രപഞ്ചത്തിൽ
ഞാൻ തനിച്ചാവുന്നു.
ഇരുട്ടിൽ നക്ഷത്രങ്ങൾ എനിക്ക് ചുറ്റും പെയ്തിറങ്ങുന്നു
ഉൽക്കകൾ നെഞ്ചിലായിരം ഗർത്തങ്ങൾ തീർക്കുന്നു
ഭൂഗുരുത്വം നഷ്ടപ്പെട്ടൊര-
പ്പൂപ്പൻതാടി പോലെ ഞാൻ

(നഷ്ടപ്രണയം ചിന്തകളിൽ കലാപം പിടിപ്പിച്ച പോളിടെക്നിക് പഠനകാലത്തെഴുതിയത് പൊടിതട്ടിയെടുത്തത്)





Sunday, June 23, 2013

പ്രണയവൃക്ഷം

എന്റെ ശിഖരങ്ങളിൽ
ഞാനറിയാതെ കൂട് കെട്ടിയൊരു പെൺകിളിയെ,
നീയറിഞ്ഞുവോ?
നാളെ പുലരുമ്പോൾ
എന്റെ കടയ്ക്കൽ
മരംവെട്ട്കാരന്റെ കോടാലിയാഞ്ഞു വീശും..
അപ്പോൾ,
നിനക്ക് നീലാകശവും
എനിക്ക് പച്ചമണ്ണും
മാത്രമാകും..