Wednesday, April 7, 2010

നാണം

അടുത്തോട്ട്‌ വാ
വല്ല്യച്ചന്‍ വിളിക്കുമ്പോള്‍
ഞാനമ്മയുടെ സാരിതുമ്പ്‌ പിടിച്ചമ്മയുടെ പിറകിലൊളിക്കും
വല്ല്യ നാണക്കാരനാ
അമ്മ പറയും
അന്നെനിക്ക്‌ നാലോ അഞ്ചോ വയസ്സ്‌

ആ പദ്യമ്മൊന്ന് ചൊല്ലിയേ
ടീച്ചര്‍ പറയുമ്പോള്‍
പാഠാവലിക്കൊണ്ട്‌ തലമൂടി ഒറ്റനില്‍പ്പ്‌
അപ്പൊ ടീച്ചറും പറയും
ഇത്രയ്ക്ക്‌ നാണമായാല്‍ പറ്റില്ല.
ഞാനന്ന് നാലോ അഞ്ചോ ക്ലാസ്സില്‍

ക്ലാസ്സില്‍ എന്റെ സഹപാഠി പെണ്‍പിള്ളേരാരെലും എന്റെ ബെഞ്ചില്‍ എന്റെ അടുത്ത്‌ വന്നിരുന്നാല്‍
ഞാന്‍ മെല്ലെ ദൂരെ പോകും
അപ്പൊ അവള്‍ പറയും
ഞാന്‍ നിന്നെ പിടിച്ചു വിഴുങ്ങില്ല
അവന്റെയൊരു നാണം
ഞാനന്ന് എട്ടിലോ ഒന്‍പതിലൊ

പിന്നെയൊരു രാത്രിയില്‍
എന്റെ ശ്രീമതി
അവളെന്റേതു മാത്രമായ
ആ രാത്രിയില്‍
വാതിലും ജനലും ചുമരുകളും ബന്ധിച്ച്‌ തിടുക്കത്തില്‍ ഞാനെന്റെ ഉടുപ്പുകള്‍ ഊരിവലിച്ചെറിയുമ്പോള്‍
സീറോ വോള്‍ട്ട്‌ വെളിച്ചത്തില്‍
അവള്‍ പറഞ്ഞു
നാണമില്ലാത്തവന്‍
അന്നെനിക്ക്‌ വയസ്സ്‌ 25
ഹാാവൂ
25 കൊല്ലം വേണ്ടി വന്നു
ആ പഴയ ചീത്തപേരു മാറിക്കിട്ടാന്‍

കുമ്പസാരക്കൂട്‌

എന്റെ പ്രണയം നിഷേധിക്കുമ്പൊള്‍
നീ..
മണ്ണിന്റെ മാറിലേക്കമരുന്ന
വേരിന്റെ വിരലുകളിലേക്ക്‌ കണ്ണയക്കുക
നമ്മളില്‍ ഉഷ്ണമാകുന്ന
പ്രണയത്തിന്റെ കുളിരവിടെയുണ്ട്‌
ആലിംഗന ചൂടില്‍
വൃക്ഷബീജങ്ങള്‍ ഭൂമിതന്‍ ഗര്‍ഭപത്രത്തില്‍
ഭ്രൂണങ്ങളാകുന്നതും
ഒരു കണ്ണി ഒരുപാട്‌
കണ്ണികളായി കോര്‍ത്തിണക്കുന്നതും
അറുത്തു മാറ്റുന്ന വേരുകളില്‍
നഷ്ടപ്രണയത്തിന്റെ
മഞ്ഞുമലയുരുന്നതും
നീ കാണുന്നില്ലേ
അറിവിന്റെ മുറിവില്‍
ഉപ്പു പുരട്ടുന്നതെന്തിനു?
മനപ്പാഠമാക്കിയ ജീവശാസ്ത്രപാഠങ്ങളുടെ
പൊരുള്‍ തേടിയിറങ്ങുക
ഒരു കുമ്പസാരക്കൂട്‌ നിന്നെ കാത്തിരിക്കുന്നു
എന്റെ അന്ത്യകൂദശയ്ക്കായ്‌
കഴുകന്റെ ,
ക്ഷമയുള്ള നീണ്ട കാത്തിരിപ്പ്‌ ഞാനറിയുന്നു
എന്റെ വരികള്‍ക്കിടയിലെ മൌനങ്ങളെ തീര്‍ക്കുന്ന
അര്‍ദ്ധവിരാമങ്ങളാകുവാന്‍ നീയില്ലെങ്കില്‍
വിട

ചില ഒറ്റപ്പെടലുകള്‍

ഞാനവളോട്‌ ചോദിച്ചു:
"എവിടെക്കെന്നറിയാതെ നീളുമീ വഴികളില്‍ ഞാനൊറ്റപ്പെടുന്നു
ഒറ്റപ്പെടലിന്റെ വഴികളില്‍ മുളക്കുന്നത്‌
എന്റെ വഴികളിലെ ഒറ്റപ്പെടലില്‍ നിന്നൊളിച്ചോടാന്‍
നീയെനിക്കൊരു കൂട്ടുതരാമോ?"
ചോദ്യോത്തരങ്ങള്‍ക്കിടയിലെവീര്‍പ്പുമുട്ടലിനു മുന്നെ
നെഞ്ചിടിപ്പുകള്‍ക്ക്‌ സാവകശം തരാതേ
അവളെങ്ങൊ മറഞ്ഞു
വിറക്കുന്ന വിരലുകളില്‍
നീ മുറുകെ പിടിച്ചിരുന്നെങ്കില്‍
മിടിക്കുന്ന നെഞ്ചോട്‌ നിന്നെ ചേര്‍ത്തിരുന്നെങ്കില്‍
ഇല്ല
ഇരുപെയ്തിറങ്ങുകയാണു
എന്റെ വഴികളില്‍..എന്റെ ചുറ്റിലും

Monday, April 5, 2010

ഹൃദയത്തിന്റെ പാട്ട്‌


അഞ്ചിതള്‍ പൂവേ നീ
കൊഞ്ചാതെ ചാഞ്ചാടാതെ
ചുണ്ടിലൊരു പുഞ്ചിരി പൂവായ്‌ വിടരുമ്പോള്
‍തേന്‍ നുകരാന്‍ എത്തും ഞാന്‍
ഒരു ചിത്ര ശലഭത്തേപ്പോല്‍
മഴയായ്‌ ഞാന്‍ പെയ്തൊഴിയുമ്പോള്‍
ഏഴു വര്‍ണ്ണങ്ങളാലൊരു മഴവില്ലാവുക നീ
അഞ്ചിതള്‍ പൂവേ നീ കൊഞ്ചാതെ ചാഞ്ചാടാതെ
തുടരുന്ന നിന്‍ ചടുലനടനതിലൊരു മയിലിന്റെ ലാസ്യം
മൊഴിയുന്ന വാക്കുകളിലൊഴുകുന്ന സംഗീതം
മറയുന്നയസ്തമയ സൂര്യനെ ചാലിച്ച
നിന്‍ ചുണ്ടെന്നൊട്‌ മന്ത്രിച്ചനിറമുള്ള സ്വപ്നങ്ങളള്‍
‍നിറയുന്ന മന്ദഹാസങ്ങള്‍
ഒരു പകല്‍ കിനാവയിരുന്നോ
കരയാതെ തളരാതെ കണ്ണീരൊഴുക്കാതെ
സന്ധ്യപോല്‍ ചോന്നൊരു ചുണ്ടത്ത്‌പുഞ്ചിരി
ചേര്‍ത്തൊരു പാട്ട്പാടാം
കുയിലിന്റെ ഈണത്തില്‍
മയിലിന്റെ നാട്യത്തില്‍
‍ഹൃദയത്തിലലിയുന്ന പാട്ട്‌ പാടാം
കാതോര്‍ത്ത്‌ കരളാലെ കൈകോര്‍ത്ത്‌
കടലോരത്ത്‌ ചെന്നിരുന്നാ പാട്ട്‌ പാടാം

കനവ്‌







അവളും എന്നിലൂടെ കടന്നുപോയി
ഇരുട്ട്‌ നിറഞ്ഞ വഴികളിലൂടെങ്ങോ മറഞ്ഞു
ഓര്‍മ്മകളിലവളൊരു മറയുന്ന സന്ധ്യയായി
എങ്കിലും.......
സ്വപ്നങ്ങളുടെ ഭൂപടങ്ങളില്‍നീലിച്ച
സമുദ്രം പോലെ നീയെന്നില്‍ പരന്നു കിടക്കുന്നു.
നിന്റെയാഴങ്ങളിലൂളിയിടുന്നൊരു നിധിവേട്ടക്കരന്‍ മാത്രമാണ്ണിന്നു ഞാന്
‍ഏറേയലഞ്ഞിട്ടും നിരാശനാകാതെ..
വീണ്ടും വീണ്ടും നിന്റെയാഴങ്ങളില്‍